2010, മേയ് 23, ഞായറാഴ്‌ച

കിനാലൂര്‍ -തീവ്രവാദ ഹിഡന്‍ അജന്‍ഡ

 നമ്മുടെ ബൂലോകത്തില്‍ ശ്രീ. എം.കെ ഖരീമിന്റെ ലെഖനത്തിലിട്ട കമന്റുകള്‍ ആണിത്

ശ്രീ.എം.കെ.ഖരീമിന്റെ ലേഖനം വളരെ താല്പര്യത്തോടെയാണ് വായിച്ചത്. എന്നാല്‍ അദ്ദേഹം  ഒരു മദ്യപനെപ്പോലെ തെന്നിത്തെറിച്ച് ഇടതും വലതും തട്ടി തട്ടിപ്പോകുന്നതാണ് കാണുന്നത്. ഒന്നുകില്‍ ചായയായിരിയ്ക്കണം അല്ലെങ്കില്‍ കാപ്പിയായിരിയ്ക്കണം. ഇതു രണ്ടുമല്ലാത്ത “ചാപ്പി” കുടിച്ചിട്ടെന്തു കാര്യം? ഈ വായനയില്‍ നിന്നും വായനക്കാരന്‍ ഒന്നും നേടുന്നില്ല. എങ്കിലും ഇടയ്ക്കിടെ അദ്ദേഹം ശരിയായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതു അംഗീകരിയ്ക്കുന്നു.
ശരിയ്ക്കും എന്താണ് കിനാലൂരില്‍ നടന്നത്? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കിനാലൂര്‍ ഒരു ടെസ്റ്റ് ഡോസായിരുന്നു. വലതുപക്ഷ-തീവ്രവാദ-മാധ്യമ കൂട്ടുകെട്ടിന്റെ ടെസ്റ്റ് ഡോസ്.
മികച്ച ആസൂത്രണത്തോടെ ആണത് നടപ്പാക്കിയത്. പക്ഷെ അത് വിചാരിച്ചത്ര ഏശിയില്ല എന്നതും സത്യം. ബദല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഏശാതെ പോയത്.
ഡോ.സലിലയുടെ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യം പറയുന്നു: “ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?“
ഒരു പ്രാഥമിക സര്‍വേ പോലും അനുവദിയ്ക്കില്ല എന്നു പറയാന്‍ ആരാണിവര്‍ ?
അവിടെ താമസക്കാരായ 53 കുടുംബങ്ങള്‍ സര്‍വേയെ സ്വാഗതം ചെയ്തുകൊണ്ട് പ്ലക്കാര്‍ഡ് പിടിച്ചു നിന്നിരുന്നു. എതെങ്കിലും ചാനലുകള്‍ അതു കാണിച്ചോ? സമരക്കാരേക്കാള്‍ പരിക്കു പറ്റിയത് പോലീസിനാണ്. തലപൊട്ടി ചോരയൊഴുകുന്ന ഡി.വൈ.എസ്.പി.യുടെ ചിത്രമെന്തേ ഒരു വിഷനും കാണിക്കാതെ പോയത്? സമരക്കാര്‍ നിരന്ന് നിന്ന് കല്ലെറിയുന്ന ദൃശ്യം പീപ്പിള്‍ ചാനലില്‍ മാത്രമാണ് കണ്ടത്. കലക്കിക്കൊണ്ടു വന്ന ചാണകവെള്ളം ചൂലില്‍ മുക്കി പോലീസിനെ അടിയ്ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്?  സമാധാനപൂര്‍വം സമരം ചെയ്താല്‍ എങ്ങനെ ഇതൊക്കെ സംഭവിയ്ക്കും? ആ തലപൊട്ടിയ വൃദ്ധനെ തള്ളി വീട്ടിലേയ്ക്ക് ഓടിയ്ക്കുന്ന രംഗം മാത്രമേ എല്ലാ ചാനലിനും കാണിയ്ക്കാന്‍ പറ്റിയുള്ളൂ. അയാള്‍ തന്നെ പറയുകയും ചെയ്തു സമരക്കാരുടെ ഏറിലാണ് തനിയ്ക്കു പരിക്കു പറ്റിയതെന്ന്.
ഇതാണോ പോലീസ് ഭീകരത? സുഹൃത്തുക്കളേ “മുത്തങ്ങ, കിള്ളി” സംഭവങ്ങള്‍ ഒന്നും മറക്കരുത്.
വീഡിയോ എഡിറ്റിങ്ങിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ചാനലുകള്‍ രംഗം കൊഴുപ്പിച്ചത്. രാവിലെ പത്തുമണിയ്ക്ക് കഴിഞ്ഞ സംഭവം ഉച്ചയ്ക്ക്ശേഷവും ലൈവ് എന്നു പറഞ്ഞു കാണിയ്ക്കുന്നതിന്റെ ഉദ്ദേശം എന്തായിരിയ്ക്കും? ജീവന്‍ ടി.വി.ക്കാര്‍ പറഞ്ഞത് ആയിരക്കണക്കിന് പാവങ്ങളെ അടിച്ചോടിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍വേ നടത്തി എന്നാണ്! ആകെ 200ല്‍ പരം പേരാണ് സമരത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിനു ശേഷം അവിടെ പാതയെ സ്വാഗതം ചെയ്തുകൊണ്ട് അയ്യായിരത്തിലധികം പേരുടെ പ്രകടനം നടന്നു എന്നുള്ളതും ചേര്‍ത്തു വായിയ്ക്കണം.

ഇനി ഇവിടെ മുഖ്യ സംഘാടകരായ സോളിഡാരിറ്റിയുടെ ലക്ഷ്യമെന്ത്? ആരാണ് സോളിഡാരിറ്റി?
പ്രൊഫ:എം.എന്‍ . കാരശ്ശേരിയുടെ ഒരു ലേഖനത്തില്‍ നിന്നുമുള്ള ഈ ഭാഗം ശ്രദ്ധിയ്ക്കൂ:
      “ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു. ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.
ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.
1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.“
(ലേഖനത്തിന്റെ പൂര്‍ണരൂപം. ക്ലിക്ക് ചെയ്യുക)
    ഇപ്പറഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് “സോളിഡാരിറ്റി.“ ഒരു ബഹുരാഷ്ട്ര സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ പേര് “ജമാ അത്തെ ഇസ്ലാമി ഹിന്ദ്” എന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ കാശ്മീര്‍ പെടില്ല എന്നതാണ്! കാശ്മീരിന് വേറേ സംഘടനയാണ്! അതായത് കാശ്മീ‍രിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല എന്നര്‍ത്ഥം! കാശ്മീരിലെ ജമാ അത്തിന് സ്വന്തം മിലിറ്റന്റ് സംഘടനയുമുണ്ട്. ഇത്രമാത്രം പ്രതിലോമകരമായ ഈ സംഘടനയുടെ പൊയ്മുഖമാണ് സോളിഡാരിറ്റി. ശ്രദ്ധിയ്ക്കുക ഖുറാനും നബി ചര്യയും അടിസ്ഥാനമാക്കിയ ഒട്ടുമിക്ക സംഘടനകളും ഏതെങ്കിലും അറബിക് നാമമാണ് സ്വീകരിയ്ക്കുക, അല്ലെങ്കില്‍ ഇസ്ലാമുമായി ബന്ധമുള്ള എന്തെങ്കിലും പേരുകള്‍ . ഇവിടെ വളരെ ബൊധപൂര്‍വം പൊയ്മുഖമണിഞ്ഞു.
കേരളത്തിന്റെ സവിശേഷതയാണ് പുരോഗമന ചിന്താഗതി. അതിന് കടപ്പെട്ടിരിയ്ക്കുന്നത് ഇടതുപക്ഷ ആശയങ്ങളോടും. ഈ ആശയങ്ങളുടെ അടിത്തറ തകര്‍ക്കാതെ വര്‍ഗീയ ആശയങ്ങള്‍ക്ക് ഇവിടെ വേരോട്ടമില്ല. അതിന് വലതുപക്ഷത്തു നിന്നുകൊണ്ടുള്ള ആക്രമണം കൊണ്ടു കാര്യമില്ല എന്ന് വലതു-വര്‍ഗീയ ശക്തികള്‍ മനസ്സിലാക്കിയത് ജനകീയാസൂത്രണ വിവാദത്തോടെയാണ്. ആട്ടിന്‍ കൂട്ടില്‍ കയറി ആക്രമിക്കാന്‍ ഏറ്റതും നല്ലത് ആട്ടിന്‍ തോലണിയുകയാണെന്ന കൂര്‍മ്മ ബുദ്ധി. അതിനായി ജമാ അത്തിന്റെ മാധ്യമങ്ങള്‍ ഇടതുപക്ഷ തോലണിഞ്ഞ്  തങ്ങളുടെ ക്രൌര്യ ദംഷ്ട്രകള്‍ ഒളിപ്പിച്ചു.

മാധ്യമം എന്ന വാരിക നോക്കൂ. ഇത് ജമാ അത്തിന്റെ പ്രസിദ്ധീകരണമാണെന്ന് ആര്‍ക്കും തോന്നില്ല. തീവ്ര ഇടതുപക്ഷ-പരിസ്തിതി നാട്യക്കാരുടെ “കനപ്പെട്ട” ലേഖനങ്ങള്‍ എല്ലാ ലക്കവും. ഒക്കെ ഒരേ ലക്ഷ്യത്തിലേക്ക്. സി.പി.എം എന്ന പാര്‍ടിയും ഇടതുപക്ഷ ചിന്താഗതിയും. ജമാ അത്തെ ഇസ്ലാമിക്കെന്താണ് തീവ്ര ഇടതുപക്ഷത്തോട് പ്രേമം?  മരം വെട്ടണമെങ്കില്‍ മരംകൊണ്ടുള്ള കോടാലിക്കൈ തന്നെ വേണമല്ലോ!
ഇടയ്ക്ക് ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലെ ചില കള്‍ട്ടുകള്‍ക്ക് നേരെയുള്ള ആക്രമണവും. പോട്ടയും മാതാ അമൃതാനന്ദമയിയും സായിബാബയുമൊക്കെ ശരവ്യങ്ങളായപ്പോളൊന്നും സമാനമായ ഇസ്ലാമിക ചിഹ്നങ്ങളെ അവര്‍ കണ്ടതേയില്ല. സാമ്രാജ്യത്ത വിരുദ്ധത പ്രസംഗിക്കുന്ന ഇവര്‍
താലിബാനിസത്തെയോ അല്‍ - ക്വായിദയെയോ പശ്ചിമേഷ്യയിലെ ജനാധിപത്യ വിരുദ്ധ ഏകാധിപതികളെയോ വിമര്‍ശിയ്ക്കുന്നത് നാളിതുവരെ ആരും കണ്ടിട്ടില്ല.
സോളിഡാരിറ്റി വളരെ തന്ത്രപൂര്‍വം നാട്ടിലെ കൊച്ചു കൊച്ചു വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പലപ്പൊഴും മതവ്യത്യാസമൊന്നും കാണിച്ചിട്ടില്ല, അത് ഒരു മാധ്യമം മോഡല്‍ അടവു മാത്രം. അതായത് പൊതു സമൂഹത്തില്‍ ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക. തുടര്‍ന്ന് തിരഞ്ഞെടുപ്പിലേയ്ക്കും അതുവഴി സമ്മര്‍ദ്ദ രാഷ്ട്രീയത്തിലേക്കും നീങ്ങുക. തങ്ങള്‍ക്ക് വേണ്ടത്ര കരുത്തായി എന്നു ബോധ്യമായാല്‍ ശരിയായ രൂപം പുറത്തെടുക്കുക. ഇതിനുള്ള ഒരു ടെസ്റ്റ് ഡോസാണ് കിനാലൂരില്‍ കണ്ടത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിയ്ക്കേണ്ടതാണ്.
നാട്ടില്‍ വ്യവസായങ്ങള്‍ വേണ്ട, തൊഴില്‍ വേണ്ട എന്നാണെങ്കില്‍ അതു തുറന്നു പറയുക. എന്നിട്ട് സമരം ചെയ്യുക. അതിനു പകരം ഒരു വശത്തു വ്യവസായം വരുന്നതിനെതിരെ സമരം ചെയ്യുക മറു വശത്ത് തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുക എന്ന ഇരട്ട ബുദ്ധിയ്ക്കു പിന്നില്‍  ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് തീവ്രവാദത്തിലേയ്ക്കും മറ്റും വഴിതെറ്റുന്നത് എന്നതും ചേര്‍ത്തു വായിയ്ക്കണം.

സൌദിയില്‍ റോഡ് വികസനത്തിനായി പള്ളികള്‍ അടക്കം പൊളിച്ചിട്ടാണ് നടപ്പാക്കുന്നത്. ദോഹയില്‍ റോഡ് വികസിപ്പിക്കാന്‍ യൂസുഫുല്‍ ഖറദാവിയുടെ വീടാണ് നിരപ്പാക്കിയത്! നമ്മുടെ നാട്ടില്‍ അങ്ങനെയൊന്നും സാധിയ്ക്കില്ല എങ്കിലും ഒരു പദ്ധതിയുടെ സാധ്യതാപഠനം പോലും നടത്താന്‍ അനുവദിയ്ക്കില്ല എന്ന് ജമാ അത്തെ ഇസ്ലാമിയ്ക്ക് പറയാന്‍ ആരാണനുവാദം കൊടുത്തത്? ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിയ്ക്കാത്ത ഈ വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനക്ക് കൊടിപിടിക്കാന്‍ ഇവിടുത്തെ ചില മാധ്യമങ്ങളും കൂട്ടു നിന്നു എന്നത് നാം കണ്ണു തുറന്നു തന്നെ കാണണം. വെറും രാഷ്ട്രീയ വൈരാഗ്യം മാത്രമോ അതിലപ്പുറവും ഉണ്ടോ?
ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറും ഇന്ത്യാവിഷന്റെ റിപ്പോര്‍ട്ടറും തങ്ങളുടെ രാഷ്ട്ര്രീയാഭിമുഖ്യം മുന്‍പേതെളിയിച്ചവരാണ്. ഇത്തരക്കാരുടെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് കിനാലൂരില്‍ നടന്നത് “ജനകീയ പ്രതിരൊധ”മാണ് എന്നൊക്കെ പറയുന്നവര്‍ ശ്രദ്ധിയ്ക്കുക. കേരളീയര്‍ വെറും മണ്ടന്മാരല്ല. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു സാധിയ്ക്കും.
ശ്രീ. വയലാര്‍ രവി പറഞ്ഞതുപോലെ ജമാ അത്തെ ഇസ്ലാമി, ആര്‍.എസ്.എസിന്റെ ഇസ്ലാമിക പതിപ്പാണ്. രണ്ടും കിനാലൂരില്‍ ഉണ്ടായിരുന്നു. ഇവറ്റകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കില്‍  ഭാവിയില്‍ മതേതരകേരളം കനത്ത വില കൊടുക്കേണ്ടി വരും.
ഇതു പറയുമ്പോള്‍ സി.പി.എം ചെയ്ത ചില തെറ്റുകള്‍ കൂടി ചൂണ്ടിക്കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു. മുസ്ലീം ലീഗിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനത്തും അസ്ഥാനത്തും പല ഇസ്ലാമിക തീവ്രവാദ സംഘടനകളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. അതിനു വേണ്ടി കെ.ഇ.എന്‍ .”ഇര” വാദം വരെഉണ്ടാക്കിയെടുത്തു. പാലസ്തീനിനെയും ഇറാക്കിനെയും പറ്റി ആ നാട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയാണ് അവര്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ഇത് വാസ്തവത്തില്‍ ഒരു വിഭാഗം മുസ്ലീങ്ങളില്‍ തീവ്ര ചിന്താഗതി വളര്‍ത്തി. ലീഗ് പോലെയുള്ള മിതവാദ പാര്‍ട്ടികളോട് തോന്നിയ അകല്‍ച്ച തങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്ന പാര്‍ടിയുടെ മനക്കോട്ട പൊളിഞ്ഞു എന്നതാണ് സത്യം. കേരളത്തിലെ ഇസ്ലാമിക തീവ്ര ചിന്താഗതിയ്ക്കും മതേതര സമൂഹത്തിനുമിടയ്ക്കുള്ള ഒരു ബഫര്‍ സോണാണ് ലീഗ്. അധികാരം എന്നതില്‍ കവിഞ്ഞ തീവ്രതയൊന്നും അവര്‍ക്കില്ല, അതുകൊണ്ടുതന്നെ അവര്‍ മതേതര സമൂഹത്തിനു ഭീഷണിയുമല്ല. ഇത് തിരിച്ചറിഞ്ഞുള്ള നയങ്ങള്‍ വേണം പാര്‍ടി രൂപപ്പെടുത്താന്‍ . ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ഇലക്ഷനില്‍ പോലും പരസ്യമായി ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ പത്രമായ “മാധ്യമം” ഇടതു വിരുദ്ധതയില്‍ മനോരമയെപ്പോലും കടത്തി വെട്ടിയിരുന്നു. ഇത്തരം സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടാ എന്നു പരസ്യമായി പറയാന്‍ ഇടതുപക്ഷം തയ്യാറാവണം.
സൂക്ഷിയ്ക്കുക ഇടതുപക്ഷം നല്‍കുന്ന അംഗീകാരം വലിയ സ്വീകാര്യതയാണിവര്‍ക്ക് നല്‍കുക.

തീവ്രവാദത്തിന്റെ നാള്‍വഴികള്‍- M N കാരശ്ശേരി

മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രൊഫ:കാരശേരി എഴുതിയ ലേഖനം അദ്ദേഹത്തിന്റെ മൌനാനുവാദത്തോടെ പോസ്റ്റുന്നു. 
തീവ്രവാദത്തിന്റെ നാള്‍വഴികള്‍ .
എം.എന്‍ ‍. കാരശ്ശേരി


എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.
''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.
ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.
മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!
സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.
ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.
ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.
1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!
ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.
ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.
ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.
1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.
ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.
വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.
ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.
സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.
ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.
ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.
ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.
1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!
കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''
ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.
ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.
ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.
ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.
2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.
മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.
ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.
ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...
അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!
സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.
1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.
മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.
ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.
മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.
സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ ശത്രു ജനാധിപത്യമാണ്. അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്
1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.
ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.
ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.
ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........
കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.
ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:
1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.
2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.
ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.
ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.
മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(ര്ൗൗുൃഹറള്‍ ്യ്ാഹറഹരീ) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (ിവാഹഷഹ്ുീ ്യ്ാഹറഹരീ) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.
പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!
''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി(അവസാനിച്ചു) ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.
സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

2010, മേയ് 21, വെള്ളിയാഴ്‌ച

ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

 ചിത്രകാരന്റെ “ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!“ എന്ന പോസ്റ്റിലും ചന്ത്രക്കാരന്റെ “ജനധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റെര്‍നെറ്റില്‍ “ എന്ന പോസ്റ്റിലും ഇട്ട കമന്റുകളുടെ ഒരു ശേഖരം.  സ്വതന്ത്രമായ ഒരു പ്രസക്തി ഉണ്ടെന്നു തോന്നിയതിനാല്‍ ഇവിടെ ഇടുന്നു.         ബ്ലോഗര്‍ ഷൈന്‍ എന്താണ് ചെയ്ത കുറ്റമെന്ന് മനസ്സിലാവുന്നില്ല. അയാള്‍ ഒരു ക്രൈസ്തവനാമം ഉപയൊഗിച്ചത്അയാളുടെ ഇഷ്ടം. ഒരാള്‍ ഇന്ന തരത്തിലുള്ള ബ്ലോഗര്‍ നാമം മാത്രമേ സ്വീകരിയ്ക്കാവൂ എന്ന യാതൊരു നിയമവും നിലവിലില്ല. ഗൂഗിള്‍ അങ്ങനെ ആരെയും നിര്‍ബന്ധിയ്ക്കുന്നുമില്ല. എം.കെ. മേനോന് വിലാസിനി എന്ന പേരില്‍ എഴുതാമെങ്കില്‍ , അഡ്വ:ജയശങ്കറിന് രാജേശ്വരി എന്ന പേരില്‍ എഴുതാമെങ്കില്‍ ഷൈനിന് ജോര്‍ജ് ജോസഫ് എന്ന പേര്‍ സ്വീകരിക്കാന്‍ എന്താണ് തടസ്സം? ഒരാള്‍ ജനിച്ച ജാതി മതമനുസരിച്ച് മാത്രമേ തൂലികാനാമം സ്വീകരിയ്ക്കാവൂ എന്നുണ്ടോ? ജോര്‍ജ് ജോസഫ് എന്ന പേരില്‍ ഒരാള്‍ നായര്‍ സമുദായത്തിനെതിരെ എഴുതി എന്നതിന്റെ പേരില്‍ നായന്മാരെല്ലാം കൂടി ക്രിസ്ത്യാനികള്‍ക്കെതിരെ കലാപത്തിനിറങ്ങിയാല്‍ അതവരുടെ വിവരക്കേടെന്നല്ലാതെ എന്തു പറയാന്‍ ? അയാള്‍ മറ്റാരുടെയോ ഫോട്ടോ ഉപയോഗിച്ചെന്നും പറയുന്നു. പരാതി ഉള്ള പക്ഷം ആ മറ്റൊരാളാണ് അതുന്നയിയ്ക്കേണ്ടത്. അനുമതിയില്ലാതെ തന്റെ ചിത്രം ഉപയൊഗിച്ചു എന്ന് അയാള്‍ പരാതിപ്പെട്ടാല്‍ അതു തീര്‍ച്ചയായും ഗൌരവമുള്ള കുറ്റം തന്നെയാണ്. ഏതായാലും ആ കാര്യത്തിന് നാരായണപ്പണിക്കരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ അല്ല പരാതി പറയേണ്ടത്. ഒരു സമുദായത്തെ ആക്ഷേപിച്ചു എന്ന പരാതിയില്‍ ഒരാളെ അറസ്റ്റു ചെയ്യുക എന്നത് ഫാസിസത്തിന്റെ ഏറ്റവും ചെറിയ പതിപ്പുകളിലൊന്നാണ് എന്നു പറയേണ്ടി വരുന്നു. സമുദായത്തിനുമാത്രമെന്താണ് പ്രത്യേകത? ഒരു രാഷ്ട്രീയപാര്‍ട്ടിയെ അവഹേളിയ്ക്കാമോ? ഒരു രാഷ്ട്രത്തെ അവഹേളിയ്ക്കാമോ? ഒരു വ്യക്തിയെ അധിക്ഷേപിയ്ക്കുന്നു എന്നതാണ് പരാതിയെങ്കില്‍ തീര്‍ച്ചയായും അതില്‍ കേസുണ്ട്. ചരിത്രത്തില്‍ നിലനിന്നിരുന്ന ചിലകാര്യങ്ങള്‍ ഒരാള്‍ക്ക്, ഏതെങ്കിലുമൊരു സമുദായത്തിനെതിരാണെങ്കില്‍ തന്നെ , പറഞ്ഞുകൂടെ? പിന്നെന്തു അഭിപ്രായ സ്വാതന്ത്യമാണു കൂവെ ഇവിടെ? ബ്ലോഗ്, ഇന്റെര്‍നെറ്റ് , സൈബര്‍ ക്രൈം എന്നൊക്കെ കേട്ടാല്‍ ഏതൊ അങ്ങെയറ്റത്തെ കുഴപ്പം പിടിച്ച എര്‍പ്പാടാണൊന്നൊക്കെ ധരിച്ചു വച്ച ചില വേന്ദ്രന്മാരുടെ പരാതി കിട്ടിയപാടെ നമ്മുടെ സൈബര്‍ പോലീസ് ചാടിയിറങ്ങി വില്ലനെ പിടിച്ചു കളഞ്ഞു! ഒന്നു ചോദിയ്ക്കട്ടെ, കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഇവിടുത്തെ ചില പത്രങ്ങളുടെ ലേഖകന്മാര്‍ക്കെതിരെ വ്യക്തിയധിക്ഷേപത്തിന് പരാതി കൊടുത്താല്‍ അവരെ അറസ്റ്റു ചെയ്യുമോ? ക്രിസ്ത്യന്‍ സഭയിലെ ചില ബിഷപ്പുമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പിണറായി ശക്തമായി പ്രതികരിയ്ക്കുകയുണ്ടായി. സഭ ഒരു പരാതികൊടുത്താല്‍ പിണറായിയെ അറസ്റ്റു ചെയ്യുമോ? ക്രൈം എന്ന പേരില്‍ നടത്തുന്ന ഒരു മാഗസിനുണ്ട് മലയാളത്തില്‍ . അതില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ ആരോപിതര്‍ പരാതി കൊടുത്താല്‍ ലേഖകനെ അറസ്റ്റുചെയ്യുമോ? ഇവിടെ പറയുന്നത് ബ്ലോഗര്‍ ഷൈന്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ്! എന്താണതിന്റെ യുക്തി? ക്രിസ്ത്യന്‍ നാമധാരിയായ ഒരാള്‍ നായന്മാര്‍ക്കെതിരെ ബ്ലൊഗില്‍കൂടി “ആക്ഷേപം“ നടത്തിയാല്‍ അത് ക്രിസ്ത്യാനികളെല്ലാം കൂടി ചെയ്യുന്നതാണെന്ന് പറഞ്ഞ് നാടാകെ കലാപമാകുമെന്നോ? ഇവിടെ യഥാര്‍ത്ഥപ്രശ്നം, വരേണ്യരെന്ന് മേനി നടിയ്ക്കുന്ന ചിലര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ചരിത്രം ഒരാള്‍ വിളിച്ചുപറയുന്നത് സഹിയ്ക്കുന്നില്ല എന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഇതു വിളിച്ചുപറയാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇപ്പോള്‍ തന്നെയാണ്. നമ്മുടെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ, ജാതീയത അതിന്റെ എല്ലാ ഊച്ചാളിത്തരത്തോടും കൂടി പൂണ്ട് വിളയാടുകയാണ് മലയാളിയുടെ ബോധ-സാംസ്കാരിക മണ്ഡലങ്ങളില്‍ . മലയാള സിനിമ അതിന്റെ എറ്റവും നല്ല കൂട്ടികൊടുപ്പുകാരായി മാറിക്കഴിഞ്ഞു. സവര്‍ണരെന്ന് മേനിനടിയ്ക്കുന്ന കുറച്ച് സംവിധായകര്‍ , തിരക്കഥാകൃത്തുകള്‍ , നിര്‍മ്മാതാക്കള്‍ , കുറച്ച് നടന്മാര്‍ ഇവര്‍ ചേര്‍ന്ന് മലയാളിയിലേയ്ക്ക് അടിച്ചേല്പിച്ച കൃത്രിമ സവര്‍ണ “ആഡ്യത്വം“ നമ്മള്‍ ഇന്നേവരെ നേടിയ നവോത്ഥാനമൂല്യങ്ങളെ (അങ്ങനെയൊന്നുണ്ടെങ്കില്‍ ) നോക്കി പല്ലിളിച്ചുകൊണ്ടിരിയ്ക്കുന്നു.
എതെങ്കിലും ഒരു വ്യക്തിയ്ക്ക് നേരെയാണ് ഇത്തരമൊരു അധിക്ഷേപമെങ്കില്‍ അവിടെ കുറ്റകൃത്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ ചാന്‍സുണ്ട്. എന്നാലിവിടെ ഒരു സമുദായമാണ് ശരവ്യമായിരിയ്ക്കുന്നത്. തങ്ങള്‍ക്കുണ്ടെന്ന് മേനിനടിയ്ക്കുന്ന സവര്‍ണതയുടെ പേരില്‍ ആ സമുദായം ഇക്കാലത്തും ഇതര അവര്‍ണസമൂഹങ്ങളോടു ചെയ്യുന്ന ആക്ഷേപത്തിനോടുള്ള പ്രതികരണമാ‍യിട്ടായിരിയ്ക്കാം ആ ബ്ലോഗര്‍ പ്രസ്തുത സമുദായത്തിന്റെ ഭൂതകാല മ്ലേച്ഛതകള്‍ പുനര്‍വായിച്ചുകൊണ്ട് വാമൊഴിയായി രേഖപ്പെടുത്തിയത്. സവര്‍ണമൂല്യബോധത്തിന്റെ അളവുകോല്‍ വച്ച് നോക്കുമ്പോള്‍ അത് അധിക്ഷേപമായി തോന്നുന്നത് സ്വാഭാവികം. പണ്ട് “തമ്പ്രാ“ എന്നു വിളിയ്ക്കേണ്ടിടത്ത് പേര് അല്ലെങ്കില്‍ “ചേട്ടാ, അനിയാ“ അങ്ങനെയെന്തെങ്കിലും വിളിച്ചാല്‍ കടുത്ത അധിക്ഷേപം തന്നെയായിരുന്നല്ലോ? നായന്മാര്‍ ഒരു സംഘടന എന്ന നിലയില്‍ അവര്‍ണരെ ആക്ഷേപിയ്ക്കുന്നില്ലായിരിയ്ക്കാം. എന്നാല്‍ നായന്മാര്‍ എന്ന വ്യക്തികള്‍ (എല്ലാവരുമല്ല) ഇന്നും അക്കാര്യത്തില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ചരിത്രത്തിലെ പീഡനങ്ങളെ, അടിച്ചമര്‍ത്തലുകളെ, ആക്ഷേപങ്ങളെ വിളിച്ചു പറയാന്‍ സവര്‍ണ മൂല്യബോധത്തിലധിഷ്ഠിതമായ ഭാഷ തന്നെ ഉപയോഗിയ്ക്കണമെന്നാണ് ചിലര്‍ തെര്യപ്പെടുത്തുന്നത്. അതിനു മനസ്സില്ലാത്ത ഒരു ബ്ലോഗറെ അറസ്റ്റു ചെയ്യിയ്ക്കുക വഴി, “വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിയ്ക്കണമെന്ന്‍” തിട്ടൂരം നല്‍കിയ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആധുനികകാലത്തെ വീണ്ടെടുപ്പാണ് നായര്‍ സമുദായ സംഘടന നടത്തിയിരിയ്ക്കുന്നത്.എല്ലാ ജാതിയും തന്റെ താഴെ തട്ടില്‍ വരുന്ന ജാതികളോട് ഇതേ സമീപനം തന്നെയാണ് കൈക്കൊണ്ടിരുന്നത്. നായര്‍ പ്രമാണിമാരോളം തന്നെ പ്രാമാണിത്തം ചമയുന്ന ഈഴവപ്രമാണിമാരേയും എനിയ്ക്കറിയാം. ദളിതരില്‍ പോലും ഏറ്റക്കുറച്ചിലുണ്ട്. വയനാട്ടില്‍ അയിത്തം ആചരിയ്ക്കുന്ന (ഇപ്പോഴുമുണ്ടോ എന്ന് കൃത്യമായറിയില്ല) ആദിവാസി ഗോത്രമുണ്ട്. ഈ സാമൂഹ്യാര്‍ബുദം ക്രിസ്ത്യാനികളിലുണ്ട്, മുസ്ലീങ്ങളില്‍ (താരതമ്യേന കുറവ്) പോലുമുണ്ട്. ചുരുക്കത്തില്‍ സവര്‍ണത എല്ലാ തട്ടിലുമുണ്ട്. എങ്കില്‍ പോലും സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത് (അഥവാ അംഗീകരിപ്പിച്ചിരിയ്ക്കുന്നത്) നായര്‍ മുതല്‍ മുകളിലേയ്ക്കുള്ളവന്റെ സവര്‍ണതയാണ്. അതിന്റെ പൊതുപ്രഖ്യാപനമാണ് പേരിനൊപ്പം വാലും തൂക്കിയിട്ട് നടക്കുന്ന ഇവറ്റകളുടെ അല്പത്ത്വം. മറ്റു രംഗങ്ങളില്‍ അവര്‍ണന്റെ പുറകിലാണെങ്കില്‍ പേരിലെങ്കിലും മുന്നില്‍ നില്‍ക്കാം എന്ന ജംബുകബുദ്ധി. അവന്‍ തന്റെ ജാതിപ്രഖ്യാപനത്തിലൂടെ പറയുന്നത്, ഞാന്‍ സവര്‍ണനാണ്, നിന്നെക്കാള്‍ എനിയ്ക്കെന്തു കുറവുണ്ടെങ്കിലും ശരി ഞാന്‍ നിന്റെ മുകളിലുള്ളവനാണ് എന്നത്രേ! ആ ചിന്താഗതിയില്ലാത്ത ഒരു സവര്‍ണനും തന്റെ ജാതിപ്പേര് പ്രദര്‍ശിപ്പിയ്ക്കില്ല. നമ്മുടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ അടിഞ്ഞു കൂടിയ സവര്‍ണമൂല്യബോധത്തിന്റെ ഒരു പൊളിച്ചെഴുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനതയില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണന്‍ ചരിത്രം പഠിയ്ക്കണം. എന്നിട്ട് സവര്‍ണന്റെ നാറുന്ന മ്ലേച്ഛതയുടെ “പാരമ്പര്യം” സമൂഹത്തില്‍ തുറന്നു കാണിച്ചുകൊണ്ട് അവറ്റകള്‍ കനിഞ്ഞു നല്‍കിയ “അവര്‍ണന്‍ “ എന്ന മേലാട വലിച്ചെറിയണം. അങ്ങനെ പുതിയൊരു ചരിത്രനിര്‍മ്മിതിയ്ക്ക്, മൂല്യബോധത്തിന് അടിത്തറയിടാന്‍ ഈ അറസ്റ്റിന് കഴിഞ്ഞാല്‍ അതായിരിയ്ക്കും സവര്‍ണതയ്ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല തിരിച്ചടി.