2010, മേയ് 23, ഞായറാഴ്‌ച

കിനാലൂര്‍ -തീവ്രവാദ ഹിഡന്‍ അജന്‍ഡ

 നമ്മുടെ ബൂലോകത്തില്‍ ശ്രീ. എം.കെ ഖരീമിന്റെ ലെഖനത്തിലിട്ട കമന്റുകള്‍ ആണിത്

ശ്രീ.എം.കെ.ഖരീമിന്റെ ലേഖനം വളരെ താല്പര്യത്തോടെയാണ് വായിച്ചത്. എന്നാല്‍ അദ്ദേഹം  ഒരു മദ്യപനെപ്പോലെ തെന്നിത്തെറിച്ച് ഇടതും വലതും തട്ടി തട്ടിപ്പോകുന്നതാണ് കാണുന്നത്. ഒന്നുകില്‍ ചായയായിരിയ്ക്കണം അല്ലെങ്കില്‍ കാപ്പിയായിരിയ്ക്കണം. ഇതു രണ്ടുമല്ലാത്ത “ചാപ്പി” കുടിച്ചിട്ടെന്തു കാര്യം? ഈ വായനയില്‍ നിന്നും വായനക്കാരന്‍ ഒന്നും നേടുന്നില്ല. എങ്കിലും ഇടയ്ക്കിടെ അദ്ദേഹം ശരിയായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതു അംഗീകരിയ്ക്കുന്നു.
ശരിയ്ക്കും എന്താണ് കിനാലൂരില്‍ നടന്നത്? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കിനാലൂര്‍ ഒരു ടെസ്റ്റ് ഡോസായിരുന്നു. വലതുപക്ഷ-തീവ്രവാദ-മാധ്യമ കൂട്ടുകെട്ടിന്റെ ടെസ്റ്റ് ഡോസ്.
മികച്ച ആസൂത്രണത്തോടെ ആണത് നടപ്പാക്കിയത്. പക്ഷെ അത് വിചാരിച്ചത്ര ഏശിയില്ല എന്നതും സത്യം. ബദല്‍ മാധ്യമങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഏശാതെ പോയത്.
ഡോ.സലിലയുടെ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യം പറയുന്നു: “ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡു വരുന്നത് ഏതു വഴിക്കാണ് എന്ന് ഇനിയും തീരുമാനമായിട്ടില്ല എന്നതാണ്.മൂന്നു വ്യത്യസ്ത വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അത് മൂന്നും സര്‍വ്വേ നടത്തി , ഏറ്റവും അനുയോജ്യവും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞ അളവില്‍ വേണ്ടിവരുന്നതുമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ്‌ തീരുമാനം.അതിനുള്ള ആദ്യ പടിയാണ് മേയ് ആറിനു നടന്നത്. ഏതു വഴിയാണ് പാത വരുന്നത് എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, വീടോ പറമ്പോ നഷ്ട്ടപ്പെടുന്നവര്‍ ആരാണെന്ന് പോലും ഇനിയും തീരുമാനമാകാത്ത സ്ഥിതിക്ക് ഈ സമരക്കാര്‍ ആരാണ് ? എന്താണ് അവരുടെ ഉദ്ദേശം?“
ഒരു പ്രാഥമിക സര്‍വേ പോലും അനുവദിയ്ക്കില്ല എന്നു പറയാന്‍ ആരാണിവര്‍ ?
അവിടെ താമസക്കാരായ 53 കുടുംബങ്ങള്‍ സര്‍വേയെ സ്വാഗതം ചെയ്തുകൊണ്ട് പ്ലക്കാര്‍ഡ് പിടിച്ചു നിന്നിരുന്നു. എതെങ്കിലും ചാനലുകള്‍ അതു കാണിച്ചോ? സമരക്കാരേക്കാള്‍ പരിക്കു പറ്റിയത് പോലീസിനാണ്. തലപൊട്ടി ചോരയൊഴുകുന്ന ഡി.വൈ.എസ്.പി.യുടെ ചിത്രമെന്തേ ഒരു വിഷനും കാണിക്കാതെ പോയത്? സമരക്കാര്‍ നിരന്ന് നിന്ന് കല്ലെറിയുന്ന ദൃശ്യം പീപ്പിള്‍ ചാനലില്‍ മാത്രമാണ് കണ്ടത്. കലക്കിക്കൊണ്ടു വന്ന ചാണകവെള്ളം ചൂലില്‍ മുക്കി പോലീസിനെ അടിയ്ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്?  സമാധാനപൂര്‍വം സമരം ചെയ്താല്‍ എങ്ങനെ ഇതൊക്കെ സംഭവിയ്ക്കും? ആ തലപൊട്ടിയ വൃദ്ധനെ തള്ളി വീട്ടിലേയ്ക്ക് ഓടിയ്ക്കുന്ന രംഗം മാത്രമേ എല്ലാ ചാനലിനും കാണിയ്ക്കാന്‍ പറ്റിയുള്ളൂ. അയാള്‍ തന്നെ പറയുകയും ചെയ്തു സമരക്കാരുടെ ഏറിലാണ് തനിയ്ക്കു പരിക്കു പറ്റിയതെന്ന്.
ഇതാണോ പോലീസ് ഭീകരത? സുഹൃത്തുക്കളേ “മുത്തങ്ങ, കിള്ളി” സംഭവങ്ങള്‍ ഒന്നും മറക്കരുത്.
വീഡിയോ എഡിറ്റിങ്ങിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ചാനലുകള്‍ രംഗം കൊഴുപ്പിച്ചത്. രാവിലെ പത്തുമണിയ്ക്ക് കഴിഞ്ഞ സംഭവം ഉച്ചയ്ക്ക്ശേഷവും ലൈവ് എന്നു പറഞ്ഞു കാണിയ്ക്കുന്നതിന്റെ ഉദ്ദേശം എന്തായിരിയ്ക്കും? ജീവന്‍ ടി.വി.ക്കാര്‍ പറഞ്ഞത് ആയിരക്കണക്കിന് പാവങ്ങളെ അടിച്ചോടിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍വേ നടത്തി എന്നാണ്! ആകെ 200ല്‍ പരം പേരാണ് സമരത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിനു ശേഷം അവിടെ പാതയെ സ്വാഗതം ചെയ്തുകൊണ്ട് അയ്യായിരത്തിലധികം പേരുടെ പ്രകടനം നടന്നു എന്നുള്ളതും ചേര്‍ത്തു വായിയ്ക്കണം.

ഇനി ഇവിടെ മുഖ്യ സംഘാടകരായ സോളിഡാരിറ്റിയുടെ ലക്ഷ്യമെന്ത്? ആരാണ് സോളിഡാരിറ്റി?
പ്രൊഫ:എം.എന്‍ . കാരശ്ശേരിയുടെ ഒരു ലേഖനത്തില്‍ നിന്നുമുള്ള ഈ ഭാഗം ശ്രദ്ധിയ്ക്കൂ:
      “ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു. ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.
ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.
1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.“
(ലേഖനത്തിന്റെ പൂര്‍ണരൂപം. ക്ലിക്ക് ചെയ്യുക)
    ഇപ്പറഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് “സോളിഡാരിറ്റി.“ ഒരു ബഹുരാഷ്ട്ര സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ പേര് “ജമാ അത്തെ ഇസ്ലാമി ഹിന്ദ്” എന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ കാശ്മീര്‍ പെടില്ല എന്നതാണ്! കാശ്മീരിന് വേറേ സംഘടനയാണ്! അതായത് കാശ്മീ‍രിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല എന്നര്‍ത്ഥം! കാശ്മീരിലെ ജമാ അത്തിന് സ്വന്തം മിലിറ്റന്റ് സംഘടനയുമുണ്ട്. ഇത്രമാത്രം പ്രതിലോമകരമായ ഈ സംഘടനയുടെ പൊയ്മുഖമാണ് സോളിഡാരിറ്റി. ശ്രദ്ധിയ്ക്കുക ഖുറാനും നബി ചര്യയും അടിസ്ഥാനമാക്കിയ ഒട്ടുമിക്ക സംഘടനകളും ഏതെങ്കിലും അറബിക് നാമമാണ് സ്വീകരിയ്ക്കുക, അല്ലെങ്കില്‍ ഇസ്ലാമുമായി ബന്ധമുള്ള എന്തെങ്കിലും പേരുകള്‍ . ഇവിടെ വളരെ ബൊധപൂര്‍വം പൊയ്മുഖമണിഞ്ഞു.
കേരളത്തിന്റെ സവിശേഷതയാണ് പുരോഗമന ചിന്താഗതി. അതിന് കടപ്പെട്ടിരിയ്ക്കുന്നത് ഇടതുപക്ഷ ആശയങ്ങളോടും. ഈ ആശയങ്ങളുടെ അടിത്തറ തകര്‍ക്കാതെ വര്‍ഗീയ ആശയങ്ങള്‍ക്ക് ഇവിടെ വേരോട്ടമില്ല. അതിന് വലതുപക്ഷത്തു നിന്നുകൊണ്ടുള്ള ആക്രമണം കൊണ്ടു കാര്യമില്ല എന്ന് വലതു-വര്‍ഗീയ ശക്തികള്‍ മനസ്സിലാക്കിയത് ജനകീയാസൂത്രണ വിവാദത്തോടെയാണ്. ആട്ടിന്‍ കൂട്ടില്‍ കയറി ആക്രമിക്കാന്‍ ഏറ്റതും നല്ലത് ആട്ടിന്‍ തോലണിയുകയാണെന്ന കൂര്‍മ്മ ബുദ്ധി. അതിനായി ജമാ അത്തിന്റെ മാധ്യമങ്ങള്‍ ഇടതുപക്ഷ തോലണിഞ്ഞ്  തങ്ങളുടെ ക്രൌര്യ ദംഷ്ട്രകള്‍ ഒളിപ്പിച്ചു.

മാധ്യമം എന്ന വാരിക നോക്കൂ. ഇത് ജമാ അത്തിന്റെ പ്രസിദ്ധീകരണമാണെന്ന് ആര്‍ക്കും തോന്നില്ല. തീവ്ര ഇടതുപക്ഷ-പരിസ്തിതി നാട്യക്കാരുടെ “കനപ്പെട്ട” ലേഖനങ്ങള്‍ എല്ലാ ലക്കവും. ഒക്കെ ഒരേ ലക്ഷ്യത്തിലേക്ക്. സി.പി.എം എന്ന പാര്‍ടിയും ഇടതുപക്ഷ ചിന്താഗതിയും. ജമാ അത്തെ ഇസ്ലാമിക്കെന്താണ് തീവ്ര ഇടതുപക്ഷത്തോട് പ്രേമം?  മരം വെട്ടണമെങ്കില്‍ മരംകൊണ്ടുള്ള കോടാലിക്കൈ തന്നെ വേണമല്ലോ!
ഇടയ്ക്ക് ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലെ ചില കള്‍ട്ടുകള്‍ക്ക് നേരെയുള്ള ആക്രമണവും. പോട്ടയും മാതാ അമൃതാനന്ദമയിയും സായിബാബയുമൊക്കെ ശരവ്യങ്ങളായപ്പോളൊന്നും സമാനമായ ഇസ്ലാമിക ചിഹ്നങ്ങളെ അവര്‍ കണ്ടതേയില്ല. സാമ്രാജ്യത്ത വിരുദ്ധത പ്രസംഗിക്കുന്ന ഇവര്‍
താലിബാനിസത്തെയോ അല്‍ - ക്വായിദയെയോ പശ്ചിമേഷ്യയിലെ ജനാധിപത്യ വിരുദ്ധ ഏകാധിപതികളെയോ വിമര്‍ശിയ്ക്കുന്നത് നാളിതുവരെ ആരും കണ്ടിട്ടില്ല.
സോളിഡാരിറ്റി വളരെ തന്ത്രപൂര്‍വം നാട്ടിലെ കൊച്ചു കൊച്ചു വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പലപ്പൊഴും മതവ്യത്യാസമൊന്നും കാണിച്ചിട്ടില്ല, അത് ഒരു മാധ്യമം മോഡല്‍ അടവു മാത്രം. അതായത് പൊതു സമൂഹത്തില്‍ ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക. തുടര്‍ന്ന് തിരഞ്ഞെടുപ്പിലേയ്ക്കും അതുവഴി സമ്മര്‍ദ്ദ രാഷ്ട്രീയത്തിലേക്കും നീങ്ങുക. തങ്ങള്‍ക്ക് വേണ്ടത്ര കരുത്തായി എന്നു ബോധ്യമായാല്‍ ശരിയായ രൂപം പുറത്തെടുക്കുക. ഇതിനുള്ള ഒരു ടെസ്റ്റ് ഡോസാണ് കിനാലൂരില്‍ കണ്ടത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിയ്ക്കേണ്ടതാണ്.
നാട്ടില്‍ വ്യവസായങ്ങള്‍ വേണ്ട, തൊഴില്‍ വേണ്ട എന്നാണെങ്കില്‍ അതു തുറന്നു പറയുക. എന്നിട്ട് സമരം ചെയ്യുക. അതിനു പകരം ഒരു വശത്തു വ്യവസായം വരുന്നതിനെതിരെ സമരം ചെയ്യുക മറു വശത്ത് തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുക എന്ന ഇരട്ട ബുദ്ധിയ്ക്കു പിന്നില്‍  ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് തീവ്രവാദത്തിലേയ്ക്കും മറ്റും വഴിതെറ്റുന്നത് എന്നതും ചേര്‍ത്തു വായിയ്ക്കണം.

സൌദിയില്‍ റോഡ് വികസനത്തിനായി പള്ളികള്‍ അടക്കം പൊളിച്ചിട്ടാണ് നടപ്പാക്കുന്നത്. ദോഹയില്‍ റോഡ് വികസിപ്പിക്കാന്‍ യൂസുഫുല്‍ ഖറദാവിയുടെ വീടാണ് നിരപ്പാക്കിയത്! നമ്മുടെ നാട്ടില്‍ അങ്ങനെയൊന്നും സാധിയ്ക്കില്ല എങ്കിലും ഒരു പദ്ധതിയുടെ സാധ്യതാപഠനം പോലും നടത്താന്‍ അനുവദിയ്ക്കില്ല എന്ന് ജമാ അത്തെ ഇസ്ലാമിയ്ക്ക് പറയാന്‍ ആരാണനുവാദം കൊടുത്തത്? ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡത പോലും അംഗീകരിയ്ക്കാത്ത ഈ വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനക്ക് കൊടിപിടിക്കാന്‍ ഇവിടുത്തെ ചില മാധ്യമങ്ങളും കൂട്ടു നിന്നു എന്നത് നാം കണ്ണു തുറന്നു തന്നെ കാണണം. വെറും രാഷ്ട്രീയ വൈരാഗ്യം മാത്രമോ അതിലപ്പുറവും ഉണ്ടോ?
ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറും ഇന്ത്യാവിഷന്റെ റിപ്പോര്‍ട്ടറും തങ്ങളുടെ രാഷ്ട്ര്രീയാഭിമുഖ്യം മുന്‍പേതെളിയിച്ചവരാണ്. ഇത്തരക്കാരുടെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് കിനാലൂരില്‍ നടന്നത് “ജനകീയ പ്രതിരൊധ”മാണ് എന്നൊക്കെ പറയുന്നവര്‍ ശ്രദ്ധിയ്ക്കുക. കേരളീയര്‍ വെറും മണ്ടന്മാരല്ല. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു സാധിയ്ക്കും.
ശ്രീ. വയലാര്‍ രവി പറഞ്ഞതുപോലെ ജമാ അത്തെ ഇസ്ലാമി, ആര്‍.എസ്.എസിന്റെ ഇസ്ലാമിക പതിപ്പാണ്. രണ്ടും കിനാലൂരില്‍ ഉണ്ടായിരുന്നു. ഇവറ്റകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കില്‍  ഭാവിയില്‍ മതേതരകേരളം കനത്ത വില കൊടുക്കേണ്ടി വരും.
ഇതു പറയുമ്പോള്‍ സി.പി.എം ചെയ്ത ചില തെറ്റുകള്‍ കൂടി ചൂണ്ടിക്കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു. മുസ്ലീം ലീഗിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനത്തും അസ്ഥാനത്തും പല ഇസ്ലാമിക തീവ്രവാദ സംഘടനകളെയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. അതിനു വേണ്ടി കെ.ഇ.എന്‍ .”ഇര” വാദം വരെഉണ്ടാക്കിയെടുത്തു. പാലസ്തീനിനെയും ഇറാക്കിനെയും പറ്റി ആ നാട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയാണ് അവര്‍ കേരളത്തില്‍ സൃഷ്ടിച്ചത്. ഇത് വാസ്തവത്തില്‍ ഒരു വിഭാഗം മുസ്ലീങ്ങളില്‍ തീവ്ര ചിന്താഗതി വളര്‍ത്തി. ലീഗ് പോലെയുള്ള മിതവാദ പാര്‍ട്ടികളോട് തോന്നിയ അകല്‍ച്ച തങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്ന പാര്‍ടിയുടെ മനക്കോട്ട പൊളിഞ്ഞു എന്നതാണ് സത്യം. കേരളത്തിലെ ഇസ്ലാമിക തീവ്ര ചിന്താഗതിയ്ക്കും മതേതര സമൂഹത്തിനുമിടയ്ക്കുള്ള ഒരു ബഫര്‍ സോണാണ് ലീഗ്. അധികാരം എന്നതില്‍ കവിഞ്ഞ തീവ്രതയൊന്നും അവര്‍ക്കില്ല, അതുകൊണ്ടുതന്നെ അവര്‍ മതേതര സമൂഹത്തിനു ഭീഷണിയുമല്ല. ഇത് തിരിച്ചറിഞ്ഞുള്ള നയങ്ങള്‍ വേണം പാര്‍ടി രൂപപ്പെടുത്താന്‍ . ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ഇലക്ഷനില്‍ പോലും പരസ്യമായി ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ പത്രമായ “മാധ്യമം” ഇടതു വിരുദ്ധതയില്‍ മനോരമയെപ്പോലും കടത്തി വെട്ടിയിരുന്നു. ഇത്തരം സംഘടനകളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടാ എന്നു പരസ്യമായി പറയാന്‍ ഇടതുപക്ഷം തയ്യാറാവണം.
സൂക്ഷിയ്ക്കുക ഇടതുപക്ഷം നല്‍കുന്ന അംഗീകാരം വലിയ സ്വീകാര്യതയാണിവര്‍ക്ക് നല്‍കുക.

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എന്തുചെയ്യാന്‍ നമ്മുടെ സമൂഹം അങ്ങിനെയായി പോയി...

തിരക്കുപിടിച്ച ഈലോകത്ത് കാര്യങ്ങള്‍ ഒന്നു ചുരിക്കിയെഴുതുക അപ്പോഴെ അവര്‍ വായിക്കു....ക്ഷമിക്കുക ഞാന്‍ പറഞ്ഞു എന്ന് മാത്രം

2010, ജൂണ്‍ 25 9:22 am

paarppidam പറഞ്ഞു...

പലവിധ “ടെസ്റ്റുകളുടെ“ വേദിയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഒടുക്കം നമ്മൾ എവിടെ ചെന്നെത്തും എന്ന് ചിന്തിച്ച് അധികം തലപുണ്ണാക്കേണ്ടതില്ല. അതി വിദൂരമല്ലാതെ മറ്റൊരു കാശ്മീരിന്റെ അവസ്ഥയിലേക്ക് നമ്മുടെ നാടും എത്തും എന്ന് ഞാൻ ഭയപ്പെടുന്നു.

ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുകയും ചെറിയ സംഭവങ്ങൾക്ക് പോലും വർഗ്ഗീയ മുഖം നൽകുകയും ചെയ്യുന്നു. സാഹിത്യം കല സിനിമ എന്നിവയെ പോലും വർഗ്ഗീയമായി നോക്കിക്കാണുവാൻ ഉള്ള ശീലങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു അനിഷ്ടസംഭവം ഉണ്ടായാൽ പ്രതികളെ ചോദ്യം ചെയ്യുവാൻ പോലും സമ്മതിക്കാത്ത വിധത്തലും അന്വേഷണോദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രീതിയിലും കാര്യങ്ങൾ എത്തുന്നു. ഇത്തരം സംഭവങ്ങളെ പോലും ന്യായീകരിക്കുവാൻ ആളുണ്ട്. കഷ്ടം. സ്വത്വവാദികളും, ഇരവാദികളും, സാംസ്കാരിക കൂട്ടിക്കൊടുപ്പുകാരും ഒക്കെ അതിനുള്ള വകകൾ നിരത്തിക്കൊണ്ടിരിക്കയല്ലെ അനുദിനം.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

പാര്‍പ്പിടമേ, ഇത്രയും കാലം ബ്ളോഗെഴുതിയിട്ടും ഹിന്ദു ഭീകരതെക്കെതിരെ 'കമ' എന്നുരിയാടാത്ത താങ്കള്‍ മുസ്ളീങ്ങളുമായി ബന്ധപെട്ട എന്തിലും 'ഭീകരത' ദര്‍ശിക്കുന്നതില്‍ പുതുമയില്ല. ഗാന്ധിജിയുടെ വധത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ള പങ്ക്‌ നിഷേധിക്കുന്നത്‌ തൊട്ട്‌ തുടങ്ങുന്നു താങ്കളൂടെ 'രാജ്യസ്നേഹം'! ബാബരി മസ്ജിദ്‌ ധ്വംസനം, രാജ്യത്ത്‌ രക്തപുഴയൊഴുക്കിയ കലാപങ്ങള്‍, വിവിധ സംസ്ഥനങ്ങളില്‍ നടത്തിയ ബോംബ്‌ സ്ഫോടനങ്ങള്‍ (മക്കാ മസ്ജിദ്‌, അജ്മീര്‍, നന്ദേഡ്‌, മാലഗോവ്‌, ഗോവ സ്ഫോടനങ്ങള്‍.......) തുടങ്ങീ കാശ്‌ വാങ്ങി രാജ്യത്തെവിടെയും കലാപം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു താങ്കളൂടെ രാജ്യസ്നേഹം! സൈനികന്‍ മുതല്‍ സന്യാസിനി വരെ രാജ്യത്തെ 'സ്നേഹിക്കാന്‍' ഒരുബ്ബെട്ടിറങ്ങിയപ്പോഴും പലരുടെയും രാജ്യ സ്നേഹാം കണ്ടതാണു. കിനാലുരീല്‍ സി പി എം എന്ന ഗുണ്ടാ പടയുടെ ധാര്‍ഷ്ട്യങ്ങളാണു കേരള ജനത കണ്ടത്‌. ഒരു സോളിഡാരിറ്റി മാത്രമായിരുന്നില്ല സമരരംഗത്ത്‌. സോളിഡാരിറ്റിയുടെ ബാനറിലുമായിരിന്നില്ല സമരം. എല്ലാ പാര്‍ട്ടിക്കാരെയും പോലെ അവരും സമരം ചെയ്തു. ഒരു കിനാലൂരില്‍ മാത്രമല്ല സോളിഡാരിറ്റി സമരം ചെയ്തിട്ടുള്ളത്‌ താനും. സോളിഡാരിറ്റിയുടെ സ്വന്തം ബാനറില്‍ ഒറ്റക്ക്‌ നടത്തിയിട്ടുള്ള എത്ര സമരമാണു അക്രമത്തില്‍ കലാശിച്ചത്‌?! സി പി എമ്മോ അതിണ്റ്റെ ഗുണ്ടാ ശിങ്കിടികളൊ നടത്തിയ എത്ര സമരമാണു അക്രമരഹിതമായി കലാശിച്ചത്‌?!! കരി ഒായില്‍ പ്രയോഗം നടത്തിവരാണു ചാണകവെള്ളത്തെ വിമര്‍ശിക്കുന്നത്‌!! അധ്യപകനെ ക്ളാസ്‌ മുറിയില്‍ കയറി വെട്ടിയ ഭീകരരാണു ഇന്നേവരെ ഒരക്രമത്തിലും പങ്കെടുക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നത്‌! സക്കറിയ, നീലകണ്ഡന്‍, സി പി രാജശേഖരന്‍ എന്നിവരെ കൈയ്യുക്കുകൊണ്ട്‌ നേരിട്ടവരാണു ജമാഅത്തെ ഇസ്ളാമിയെ ജനാധിപത്യം പടിപ്പിക്കുന്നത്‌!! ആഗസ്റ്റ്‌ പതിനഞ്ച്‌ 'ആപത്ത്‌ പതിനാഞ്ചായി' ആചരിക്കുന്നവരാണു രാജ്യസ്നേഹികള്‍! കാശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ വേറെ പേരിലാണു സംഘടന എന്ന് പറയുന്നവര്‍ കാശ്മീരിലെ ഡി വൈ എഫ്‌ ഐ എത്‌ പേരിലാണു പ്രവര്‍ത്തിക്കുന്നത്‌ എന്ന് പറഞ്ഞാല്‍ കൊള്ളാം.! വ്യക്തിവൈരാഗ്യം ഒന്ന് കൊണ്ട്‌ മാതം മിണ്ടാപ്രാണികളെ പോലും ചുട്ടുകരിച്ച സി പി എമ്മിനെ ആരും തിവ്രവാദികള്‍, എന്നൊ ഭീകരവാദികള്‍ എന്നൊ വിളിക്കാത്തത്‌ എന്നെ അദ്ഭുതപെടുത്തുന്നു. രണോത്സുക സംഘടനകളായ്‌ സി പി എം , ഡി വൈ എഫ്‌ ഐ, എസ്‌ എഫ്‌ ഐ, ബി ജെ പി, ആര്‍ എസ്‌ എസ്‌, ശിവസേന തുടങ്ങീ ഭീകരര്‍ പരസ്പരം കൈവെട്ടിയും കഴുത്തുവെട്ടിയും ഈ കേരളത്തെ എത്ര തവണ അരക്ഷിതാവസ്ഥയില്‍ നിര്‍ത്തി?! ഈ ഭീകരരേ കഴിഞ്ഞേ ബാക്കിയുള്ളവരൊക്കെ ഉള്ളൂ അല്ലെങ്കില്‍ അവര്‍ക്കൊന്നും സി പി എം - ബി ജെ പി ഭീകര-തീവ്രവാദികളുടെ നലയലത്ത്‌ എത്താന്‍ കഴിയില്ലെന്ന് ചുരുക്കം. കമ്മ്യൂണിസ്റ്റുകളോ ജനാധിപത്യവാദികള്‍!

ഭീകരവാദം ചര്‍ച്ചിച്‌ കേരളത്തെ ഇവന്‍മാര്‍ എത്‌ പരുവത്തിലാക്കുമോ എന്തോ?! അതിണ്റ്റെ ഫലങ്ങള്‍ കിട്ടി തുടങ്ങിയിട്ടുണ്ട്‌. പര്‍ദ്ദയിട്ട മുസ്ളിം സ്ത്രീയെ കണ്ടാല്‍ അവള്‍ തീവ്രവാദിയാണെന്ന് ഈ കഴുതകള്‍ വിളിച്ചു കൂവുന്നു. മുസ്ളിം സ്ത്രീക്ക്‌ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കുന്നു (ഇതെന്താ ഫ്രാന്‍സോ?! എന്ന് ചോദിക്കാന്‍ ഒരു 'പാര്‍പ്പിടവും' ഉണ്ടാവില്ലെന്നറിയാം) തൊപ്പിവെച്ച, താടിവെച്ച മുസ്ളിമിനെ കാണുബ്ബോള്‍ അവനു 'രാജ്യ സ്നേഹം' തിളക്കുന്നു.! എന്തായാലും നിങ്ങളൊക്കെ 'മതേതര' മുഖം മൂടി അണിഞ്ഞ്‌ എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നതിണ്റ്റെ അത്ര വിഷം ഇവിടെ ഒരു മുസ്ളിം സംഘടനകളും ചെയ്യുന്നില്ല.